പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ..വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍,വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ shellukj@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം.

3.9 സ്നേഹം




വഴിവിളക്ക് 

‘ ലോകമേ തറവാട് തനിക്കീ ചെടികളും 
പുല്‍ക്കളും, പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ 
ത്യാഗമെന്നതേ നേട്ടം താഴ്മതാന്‍ അഭ്യുന്നതി 
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍’
മലയാളികളുടെ മനസ്സില്‍ കെടാവിളക്കുപോലെ തെളിഞ്ഞ് നില്‍ക്കുന്ന വള്ളത്തോളിന്റെ ഭാവനയില്‍ വിരിഞ്ഞ കവിതകളിലെ ഇത്തരം വരികള്‍ ഏറെയുണ്ട്

‘പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ’ ,

 ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

‘ ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിത മാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍ —‘ 

തുടങ്ങിയ വരികള്‍ ആര്‍ക്കാണ് മറക്കാനാവുക.
പ്രകൃതി ഗായകനായ കവി ലളിതമായ വരികളാല്‍ കേരളത്തിന്റെ സൗന്ദര്യത്തേയും സംസ്‌ക്കാരത്തേയും സൗഭാഗ്യത്തേയും പാടിപ്പുകഴ്ത്തിയിട്ടുണ്ട്. 

‘ പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും
സ്വച്ഛാബ്ദി മണല്‍ത്തിട്ടാം പാദോപദാനം പൂണ്ടും 
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ ! ‘
ഭാരത്തതിന്റെ പൈതൃകത്തേയും പാരമ്പര്യത്തേയും പൗരാണിക സത്തയേയും തികഞ്ഞ അഭിമാനത്തോടും ആദരവോടുകൂടി വള്ളത്തോള്‍ തുറന്നു കാട്ടുന്നു. പ്രകൃതി ഗായകന്‍, വാഗ്മീ, ഖണ്ഡ കാവ്യങ്ങളുടെ കര്‍ത്താവ്, താര്‍ക്കികന്‍, ഭിഷഗ്വരന്‍, പണ്ഡിതന്‍, മഹാ കാവ്യ രചയിതാവ്, കലാ മണ്ഡലം സ്ഥാപകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ അദ്ദേഹം , തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റേയും മേല്‍പ്പത്തൂരിന്റേയും ജന്മദേശത്ത് വള്ളത്തോള്‍ തറവാട്ടില്‍ 1876 ഒക്‌ടോബര്‍ 16 ന് ആയിരുന്നു ജനനം. കൊണ്ടയൂര്‍ കുട്ടിപ്പാറൂ അമ്മയുടേയും കൊടുങ്ങല്ലൂര്‍ മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റേയും ഇളയ മകനായിട്ടായിരുന്നു ജനനം.

അമ്മാവനായ രാമുണ്ണി മേനോന്റെ ശിക്ഷണത്തില്‍ സംസ്‌കൃതവും വൈദ്യവും അഭ്യസിച്ചു. അച്ഛന്റെ കഥകളി കമ്പം മകനിലും സ്വാധീനം ചെലുത്തി. കൈക്കുളങ്ങര വാര്യര്‍, പുന്നശ്ശേരി നമ്പി തുടങ്ങിയ ആചാര്യന്‍മാരുടെ ശിക്ഷണത്തില്‍ മഹാകാവ്യങ്ങള്‍ അലങ്കാര ശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ അവഗാഹം നേടി.

bk_6772 (1)മഹാകാവ്യം, ഖണ്ഡ കാവ്യങ്ങള്‍ ഋഗ്വേദ തര്‍ജ്ജമ തുടങ്ങിയ മണ്ഡലങ്ങളില്‍ വ്യാപരിച്ച കവിയുടെ ഖണ്ഡകാവ്യങ്ങള്‍ക്കാണ് ഏറെ പ്രചുര പ്രചാരം. കുട്ടികള്‍ക്കുവേണ്ടി രചിച്ച കവിതകളിലെ ലാളിത്യവും നാടകീയതയും ഏറെ ശ്രദ്ധിക്കപ്പെട്ടു. കവിയുടെ ഭാവഗീതകങ്ങള്‍ അടങ്ങിയ രചനകളാണ് ‘സാഹിത്യ മഞ്ജരി’ എന്ന പേരില്‍ പ്രശസ്തം . ‘ അച്ഛനും മകളും ‘ എന്ന കവിതയും നാടകീയത നിറഞ്ഞ രചനാകശലത്തിന് തെളിവാണ്. കൊച്ചുസീത, ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി, ബന്ധനസ്ഥനായ അനിരുദ്ധന്‍ തുടങ്ങിയ കാവ്യങ്ങളെല്ലാം വള്ളത്തോളിന്റെ രചനാ നൈപുണ്യത്തിന്റെ മാതൃകകളാണ്.
കേരളത്തിന്റെ തനത് കലയായ കഥകളിയെ സമുദ്ധരിച്ച് ചെറുതുരുത്തിയില്‍ ആസ്ഥാനമുണ്ടാക്കി. കലാമണ്ഡലം എന്ന പേരും നല്‍കി. ഇന്ന് കലാമണ്ഡലം കല്പ്പിത സര്‍വ്വകലാശാലയാണ്. 31-ാം വയസ്സില്‍ ഏതോ രോഗം പിടിപെട്ട് വള്ളത്തോള്‍ ബധിരനായി. ‘ബധിര വിലാപം’ എന്ന ഖണ്ഡകാവ്യം ആ അനുഭവം മുന്‍നിര്‍ത്തി എഴുതിയതാണ്. 1958 മാര്‍ച്ച് 13 ന് വള്ളത്തോള്‍ ദിവംഗതനായി.

No comments:

Post a Comment